


ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും ഇന്ന് അസം സന്ദർശിക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ആണ് സന്ദർശനം. ഗ്യാനേഷ് കുമാറിനൊപ്പം കമ്മീഷണർമാരായ എസ് എസ് സന്ധു, വിവേക് ജോഷി എന്നിവരും സംഘത്തിലുണ്ട്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ, സർക്കാർ വൃത്തങ്ങൾ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.
നിലവിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ സംഘം വിലയിരുത്തും. ഗ്യനേഷ് കുമാറിന്റെ സന്ദർശനത്തിന് ശേഷം ആയിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം. അസമിന് പുറമെ തമിഴ്നാട്, പുതുച്ചേരി, കേരളം, ബംഗാൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തും.
മാർച്ച് ആദ്യ വാരമാകും കമ്മീഷൻ കേരളത്തിലെത്തുക. സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ കളക്ടർമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പടെയുള്ളവരുമായി കമ്മീഷൻ കൂടിക്കാഴ്ച നടത്തിയേക്കും. മാർച്ച് രണ്ടാംവാരം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.