


ബംഗളൂരു : വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരുദിവസം ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവധി ലഭിക്കും. സ്ഥിരം ജീവനക്കാര്‍ക്കൊപ്പം കരാര്‍, പുറംകരാര്‍ (ബിപിഒ) ജീവനക്കാര്‍ക്കും അവധിനല്കണം
18 മുതല്‍ 52 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് ആര്‍ത്തവ അവധി അനുവദിക്കുന്നത്. അതത് മാസത്തില്‍ത്തന്നെ അവധിയെടുക്കണം. അടുത്തമാസങ്ങളിലേക്ക് നീട്ടാന്‍ സാധിക്കില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ആവശ്യപ്പെടാതെതന്നെ അവധി അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പുതിയ ഉത്തരവ് പ്രകാരം വനിതാ ജീവനക്കാര്‍ക്ക് വര്‍ഷം 12 അവധി അധികമായി ലഭിക്കും. തൊഴില്‍വകുപ്പ് തയ്യാറാക്കിയ ആര്‍ത്തവ അവധി നയത്തിന് കഴിഞ്ഞമാസമാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. എല്ലാമേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്ന ആദ്യസംസ്ഥാനമാണ് കര്‍ണാടക. ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവ അവധിയുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ബാധകം.