


കൊച്ചി : ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം നില്ക്കുന്ന ചിത്രം പുറത്ത്. വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയില്‍ മുരളീധരനൊപ്പം ജ്യോതി മല്‍ഹോത്ര ചിത്രമെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
2023 സെപ്റ്റംബറില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര ചെയ്തത്. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു സന്ദര്‍ശനം. യാത്രയ്ക്കിടെ വന്ദേഭാരതിനെക്കുറിച്ചുള്ള അഭിപ്രായം ജ്യോതി മല്‍ഹോത്ര വി.മുരളീധരനോട് ആരായുകയും ചെയ്തിട്ടുണ്ട്. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെസുരേന്ദ്രനും യാത്രയില്‍ മുരളീധരനൊപ്പമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ‘ട്രാവല്‍ വിത്ത് ജോ’ എന്ന അവരുടെ വ്ലോഗിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഇതിനു മുന്‍പ് ഓഗസ്റ്റിലും ജനുവരിയിലും ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയിരുന്നു. സംസ്ഥാന ടൂറിസം വകുപ്പാണ് ജനുവരിയില്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചതെന്ന വിവരം വിവാദമായിരിക്കെയാണ് ജ്യോതി മല്‍ഹോത്ര മുരളീധരനോട് ഒപ്പം സഞ്ചരിക്കുന്ന വിഡിയോയും പുറത്തുവന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ 2023ല്‍ ടൂറിസം വകുപ്പ് ക്ഷണിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിച്ചത്.