തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു
ഇന്ന് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ശേഷിക്കുന്ന 10 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്.
ഓറഞ്ച് അലര്‍ട്ട്
13/06/2025: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട്
14/06/2025: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്
15/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
16/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. കൊങ്കൺ തീരം, ഗോവ തീരം, തെക്കു കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മാലിദ്വീപ് പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.