


കണ്ണൂർ : ബസിന്റെ എയർലീക്ക് പരിശോധിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂർ പാട്യം സ്വദേശി സി.വി. സുകുമാരനാണ് (60) മരിച്ചത്. എയർലീക്ക് പരിശോധിക്കുന്നതിനിടെ സുകുമാരന്റെ തല എയർ സസ്പെൻഷനിടയിൽ കുടുങ്ങുകയായിരുന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെ ബസ് നന്നാക്കാനെത്തിയ സുകുമാരനെ പത്ത് മണിയായിട്ടും ഭക്ഷണം കഴിക്കാൻ കാണാതിരുന്നതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തുകയായിരുന്നു.
തുടർന്ന് ബസിന്റെ സമീപത്തെത്തി നോക്കിയപ്പോഴാണ് തല കുടുങ്ങിയ നിലയിൽ സുകുമാരനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.