ശബരിമല : മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് വലിയ ഗുരുതി നടക്കും. വൈകുന്നേരം ആറുവരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടും. സന്നിധാനത്ത് രാത്രി 10 വരെ മാത്രമാണ് ദര്‍ശനം.
ഇന്ന് അത്താഴപൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുമ്പില്‍ നടക്കുന്ന ഗുരുതിയോടെ ഈ സീസണിലെ മകരവിളക്ക് തീര്‍ഥാടനം സമാപിക്കും. രാത്രി 11ന് നടഅടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിൽ പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മയുടെ സാന്നിദ്ധ്യത്തിലാകും വലിയ ഗുരുതി.
തിങ്കളാഴ്ച രാവിലെ പന്തളം രാജപ്രതിനിധി രാജരാജ വര്‍മയ്ക്കു മാത്രമാണ് ദര്‍ശനം. പുലര്‍ച്ചെ 5.30ന് ഗണപതിഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം 6.30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.
തുടർന്ന് താക്കോൽക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനിൽക്കുന്ന രാജപ്രതിനിധിക്ക് കൈമാറും. ഇവ സ്വീകരിച്ച ശേഷം മേൽശാന്തിക്ക് തിരികെ നൽകും.
അടുത്ത ഒരു വർഷത്തെ പൂജകൾ നടത്താൻ അദ്ദേഹം നിർദ്ദേശിക്കും. തുടർന്ന് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടുക. തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.
മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും
ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി പറഞ്ഞു. വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങൾ നടന്നു. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ഈ തീർത്ഥാടനകാലത്ത് ഉണ്ടായത്.
അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തർക്കും സംതൃപ്തമായ ദർശനം നടത്താൻ കഴിഞ്ഞു. സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂർണ പിന്തുണ നൽകിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേൽശാന്തി പറഞ്ഞു.