കൊച്ചി : ഘർവാപസി പരാമർശത്തിൽ മോഹന്‍ ഭാഗവതിനെതിരെ കത്തോലിക്ക മുഖപത്രം. ഭഗവതിന്റെ വാക്കുകള്‍ നിന്ദ്യവും ന്യൂനപക്ഷ വിരുദ്ധവുമെന്ന് ദീപിക മുഖപ്രസംഗം. രാമക്ഷേത്ര പ്രതിഷ്ഠ യഥാർത്ഥ സ്വാതന്ത്ര്യമായി വിശേഷിപ്പിച്ചത് പ്രതിഷേധാർഹമാണ്. ഘർവാപസിയാണ് നിർബന്ധിത മതപരിവർത്തനം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തതിന്റെ അപകർഷതയാണ് ആർഎസ്എസിനെന്നും ദീപിക വിമര്‍ശിക്കുന്നു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും നൂറ്റാണ്ടുകളായി ആക്രമണം നേരിട്ട ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ച ത് ഈ ദിനത്തിലാണെന്നുമാണ് കഴിഞ്ഞദിവസം മോഹൻ ഭാഗവത് പറഞ്ഞത്. ഭരണഘടനയുടെ അടിസ്ഥാനാദർശങ്ങൾ നടപ്പായിട്ടില്ലെന്നും അദ്ദേഹം ഖേദിക്കുന്നു. 10 വർഷത്തിലേറെയായി ബിജെപിയാണ് ഭരിക്കുന്നതെന്ന് അദ്ദേഹം മറന്നുപോയെന്നു തോന്നുന്നു.
ആർഎസ്എസിന്റെയും ബിജെപിയുടെയും ഭരണഘടനാ ആദരവിന്റെ ചരിത്രം അവിടെ നിൽക്കട്ടെ. പക്ഷേ, സമാനതകളില്ലാത്ത അഹിംസാമാർഗങ്ങളിലൂടെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഈ രാജ്യം കൈവരിച്ച സ്വാതന്ത്ര്യത്തിനു മുന്നിൽ ലോകം അദ്ഭുതാദരവുകളോടെ നിൽക്കുന്പോൾ, അതിനെ കേവലം ‘രാഷ്ട്രീയ സ്വാതന്ത്ര്യ’വും രാമക്ഷേത്ര പ്രതിഷ്ഠയെ ‘യഥാർഥ സ്വാതന്ത്ര്യ’വുമായി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണ്.
1947 ആഗസ്ത് 15നല്ല, 2014ലാണ് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതെന്ന് മുന്‍പ് പറഞ്ഞിട്ടുള്ളത് നടി കങ്കണ റണൗത്ത് ആണ്. നൂറ്റാണ്ടു നീണ്ട ഐതിഹാസിക സമരത്തിൽ പങ്കെടുത്തില്ലെന്ന ആരോപണം നേരിടുന്നവരുടെ അപകർഷതാബോധം മാത്രമാണോ ഇത്തരം നിന്ദകൾക്കു പിന്നിൽ? അതോ ന്യൂനപക്ഷവിരുദ്ധതയിലൂന്നിയ മതധ്രുവീകരണ രാഷ്ട്രീയത്തിന്റെ സാധ്യതകൾ അന്വേഷിക്കുന്ന വിചാരധാരകളോ? ഏതു നിലയിലായാലും ജനകോടികളുടെ വിശ്വാസകാര്യമായ രാമക്ഷേത്രത്തെയും, രാഷ്ട്രീയമില്ലാതെ രാഷ്ട്രത്തിനുവേണ്ടി ജനകോടികൾ നടത്തിയ പോരാട്ടഫലമായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും അവഹേളിക്കരുത്.
ഹീനമായ മറ്റൊരു പരാമർശം, ക്രൈസ്തവർക്കെതിരേ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ പേരിലാണ് മോഹൻ ഭാഗവത് നടത്തിയത്. മതം മാറിയവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ‘ഘര്‍ വാപസി’ ശ്രമങ്ങളെ പ്രണബ് പിന്തുണച്ചിരുന്നത്രെ. രേഖകളുടെ യാതൊരു പിൻബലവുമില്ലാതെ അദ്ദേഹം ഇൻഡോറിൽ പറഞ്ഞതിങ്ങനെ.
“ഘര്‍ വാപസിയെ ചൊല്ലി പാര്‍ലമെന്റില്‍ വലിയ ബഹളം നടക്കുന്ന കാലത്ത് ഡോ. പ്രണബ് മുഖര്‍ജിയെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. നിങ്ങള്‍ അത് ചെയ്തതുകൊണ്ട് 30 ശതമാനം ആദിവാസികള്‍…. അദ്ദേഹം പറഞ്ഞു. ഞാന്‍ ചോദിച്ചു, ക്രിസ്ത്യാനികള്‍ ആയില്ല എന്നാണോ എന്ന്. അല്ല, ദേശവിരുദ്ധര്‍ ആയില്ല എന്നാണ് പ്രണബ് മുഖര്‍ജി അതിന് മറുപടി നല്‍കിയത്-” ക്രൈസ്തവരെ അവഹേളിക്കാനും ആക്രമിക്കാനും നിർബന്ധിത മതപരിവർത്തനമെന്ന ആരോപണം ഉപയോഗിക്കുകയും, ഘർ വാപസി എന്ന പേരിൽ മതപരിവർത്തനം നടത്തി ക്രൈസ്തവരെയും സ്ഥാപനങ്ങളെയും ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ താത്പര്യങ്ങൾക്ക് അന്തരിച്ച രാഷ്ട്രപതിയെ ഉപയോഗിച്ചത് നിഷ്കളങ്കമാകാനിടയില്ല. ഇടയ്ക്ക് മതസൗഹാർദത്തിന്റെ വക്താവും ഇതരമതസ്ഥരുടെ ആരാധനാലയ സംരക്ഷകനുമാകുകയും പിന്നീട് കടകവിരുദ്ധമായ പ്രസ്താവനയിലൂടെ അതൊക്കെ പ്രഹസനമാക്കുകയും ചെയ്യുകയാണ് ആർഎസ്എസ് മേധാവിയെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.