തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ഇന്ന് തുടക്കം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആദ്യ നയപ്രഖ്യാപനത്തിനാണ് സഭ ഇന്ന് സാക്ഷ്യം വഹിക്കുന്നത്.
ഉപതെരഞ്ഞെടുപ്പിലൂടെ കടന്നുവന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ.പ്രദീപിന്റെയും ആദ്യസമ്മേളനം കൂടിയാണിത്. ഇവരിൽ പ്രദീപ് മുന്‍പു നിയമസഭാംഗമായ പാരന്പര്യമുണ്ടെങ്കിൽ രാഹുൽ തികച്ചും പുതുമുഖമാണ്.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന അവസാനത്തെ സന്പൂർണ ബജറ്റ് ആയിരിക്കും ഇത്തവണത്തേത്. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയുന്നതിനു പകരം ഇത്തവണ സന്പൂർണ ബജറ്റ് പാസാക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
മാർച്ച് 28 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 27 ദിവസം സഭ ചേരും. ഈ മാസം 20, 21, 22 തീയതികളിൽ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി ഏഴിന് ബജറ്റ് അവതരിപ്പിക്കും.
ഫെബ്രുവരി 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ഫെബ്രുവരി 14 മുതൽ മാർച്ച് രണ്ടു വരെ സഭ ചേരില്ല.