തൻ്റെ ചാനലിലെ ഏതോ വഷളൻ്റെ തലയിൽ വിരിഞ്ഞ അശ്ലീലമായ ഒരു സ്ക്രിപ്റ്റിന് ഒരു എഡിറ്ററുടെ ബേസിക് കോമൺസെൻസ് പോലുമുപയോഗിക്കാതെ പച്ചക്കൊടി കാണിക്കുക, തുടർന്ന് അതേ റിപ്പോർട്ടിനെ ഉദ്ധരിച്ച് പോക്സോ കേസ് വരാവുന്ന തരത്തിൽ കലോത്സവ വേദിയിലിരുന്ന് ഇക്കിളി സംഭാഷണത്തിലേർപ്പെടുക – ഇതാണ് സോഷ്യൽ മീഡിയയിലെ 2 K പിള്ളേർ ഉത്തുംഗ മാധ്യമ പ്രവർത്തനത്തിൻ്റെ പതാക വാഹകനായി പ്രതിഷ്ഠിച്ചിരിക്കുന്ന മഹാപണ്ഡിതൻ ഡോ. അരുൺകുമാറിൻ്റെ ഏറ്റവും പുതിയ സംഭാവന.
എന്നാൽ ഇതാദ്യമായല്ല റിപ്പോർട്ടർ ചാനലും അരുൺകുമാറും സ്ത്രീവിരുദ്ധവും ജനവിരുദ്ധവും സകല പുരോഗമന മൂവ്മെൻ്റുകളെയും പിന്നോട്ടടിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതെന്ന് ചാനൽ സൂക്ഷ്മമായി ഫോളോ ചെയ്യുന്ന ആർക്കും മനസ്സിലാകും. കേവലം 2 നാൾ മുമ്പാണ് ഒരു പ്രമുഖ നടിയെ പിന്തുടർന്ന് അശ്ലീല പദ പ്രയോഗങ്ങളിലൂടെ ശല്യം ചെയ്ത ബോബി ചെമ്മണ്ണൂരിന് ചാനലിൽ ലൈവ് ആയി വന്നിരുന്ന് തൻ്റെ ഭാഗം വെളുപ്പിക്കാൻ അവസരം നൽകിയത്. കേരള മന:സാക്ഷിയെ തന്നെ ഞെട്ടിച്ച വണ്ടിപ്പെരിയാർ ശിശു പീഡന കേസിലെ പ്രതിക്കും സമാന രീതിയിൽ സ്വയം വെളുപ്പിക്കാൻ തൻ്റെ ചാനൽ വഴി അവസരമുണ്ടാക്കി കൊടുത്തതും അരുൺകുമാർ തന്നെ.
കഴിഞ്ഞ വർഷം കേരളം ചർച്ച ചെയ്ത ഹേമ കമ്മിറ്റി വിഷയത്തിലും കണ്ടു അരുൺകുമാറിൻ്റെ നേതൃത്വത്തിൽ റിപ്പോർട്ടർ ചാനലിൻ്റെ വഷളൻ റിപ്പോർട്ടിങ്. ലൈംഗികാരോപണ കേസുകളിൽ ഒരു മാധ്യമത്തിന് മാതൃകാപരമായി ചെയ്യാൻ കഴിയുന്നത് ഇരകളുടെ നാവായി നിലകൊണ്ട് അവരുടെ ഭാഗം ജനങ്ങളിലെത്തിക്കാൻ സഹായം ചെയ്യുക എന്നത് മാത്രമാണ്. എന്നാൽ, നമ്മൾ കണ്ടതെന്താണ്? ഇരകളുടെ ഭാഗം കേൾപ്പിക്കാൻ എന്ന തരത്തിൽ അവരെ ചാനലിൽ കൊണ്ടുവരികയും അവരെ ലൈവ് ആയി ക്രോസ് വിസ്താരം ചെയ്യുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ പരാതികൾക്ക് മെറിറ്റ് ഇല്ല എന്ന ധ്വനിയിൽ പരാമർശങ്ങൾ നടത്തുകയും അവരെ മാനസികമായി കോർണർ ചെയ്യുന്നതുമാണ് നമ്മൾ കണ്ടത്. പരാതികളുടെ വിശ്വാസ്യതയെ കുറിച്ച് അന്വേഷിക്കാൻ പൊലീസും മറ്റ് അന്വേഷണ ഏജൻസികളും ഇവിടെയുണ്ട്. നിവിൻ പോളിക്കെതിരായി ഉയർന്നുവന്ന ആരോപണത്തിൽ കേരള പൊലീസ് ഈ ദൗത്യം കൃത്യമായി ചെയ്യുന്നതും നമ്മൾ കണ്ടതാണ്. അങ്ങനെയിരിക്കെയാണ് ഇരകൾക്കൊപ്പം എന്ന തരത്തിൽ നിന്നുകൊണ്ട് അരുൺകുമാറിൻ്റെ വേട്ടക്കാർക്ക് വേണ്ടിയുള്ള ലൈവ് ക്രോസ് വിസ്താരം.
ഇതിനൊക്കെ പുറമെ എല്ലാരും ഓർമ്മിക്കേണ്ട മറ്റൊരു കാര്യമുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന അരുൺകുമാർ ഉൾപ്പെടെയുള്ള റിപ്പോർട്ടർ ചാനൽ മാനേജ്മെൻ്റിൻ്റെ നടപടികളെ തുടർന്ന് ഒരു വനിതാ റിപ്പോർട്ടർ അവിടെ നിന്ന് രാജിവെച്ച് പോകേണ്ടി വന്ന സംഭവം. വനിതാ മാധ്യമ പ്രവർത്തകയോട് വഷളൻ രീതിയിൽ സംസാരിച്ച രാഷ്ട്രീയ പ്രവർത്തകനായ സിനിമാ താരത്തോട് തിരിച്ച് ചോദ്യങ്ങൾ ഉന്നയിച്ച റിപ്പോർട്ടർ ടിവിയുടെ തൃശ്ശൂരിലെ മാധ്യമ പ്രവർത്തകയോട് നാവടക്കാനാണ് ചാനൽ മാനേജ്മെൻ്റ് ആവശ്യപ്പെട്ടത്. പ്രതിഷേധം രേഖപ്പെടുത്തിയ യുവ റിപ്പോർട്ടർക്ക് തൃശ്ശൂരിൽ നിന്നും കൊച്ചിയിലെ ഓഫിസിലേക്ക് സ്ഥലംമാറ്റവും നൽകി. മനസ്സ് മടുത്ത് രാജിവെച്ച ആ യുവ റിപ്പോർട്ടർ അന്ന് ചാനലിനെതിരെ കുറിച്ചിട്ട നീണ്ട തുറന്നെഴുത്ത് ഇന്നും അവരുടെ ഫേസ്ബുക്ക് വാളിൽ അവശേഷിക്കുന്നു.
സ്ഥിതിഗതികൾ ഇങ്ങനെ ആയിരിക്കെ തങ്ങളുടെ എഡിറ്റേഴ്സ് അവർ പ്രോഗ്രാമിൽ കാണുന്നത് പോലെ തന്നെ പല വള്ളത്തിൽ കാലൂന്നിയുള്ള ഇരക്ക് വേണ്ടിയും വേട്ടക്കാർക്ക് വേണ്ടിയും ചിലപ്പോൾ സ്വയം വേട്ടക്കാരൻ്റെ റോളെടുത്തണിഞ്ഞും ഡോ. അരുൺകുമാറിൻ്റെയും റിപ്പോർട്ടർ ചാനലിൻ്റെയും നിരവധി പെർഫോമൻസുകൾ ഇനിയും വരും. അതൊക്കെ കാണാൻ ഇനിയും ജനജീവിതം ബാക്കി.