കോട്ടയം : താൻ പാർട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. വ്യക്തിപരമായി ആർക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് ആകുമ്പോൾ പല കാര്യങ്ങൾ കാണാം. ഒരു ചോദ്യം വന്നപ്പോൾ അതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. കൂടുതൽ ചർച്ചകൾക്കില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതല നൽകാത്തതിൽ ചാണ്ടി ഉമ്മൻ അതൃപ്തി പരസ്യമാക്കിയിരുന്നു. താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. അന്ന് പ്രതികരിക്കേണ്ട എന്ന് കരുതിയതാണ് ഒന്നും പറയാതിരുന്നതെന്നുമായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്.
പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിർത്തി നേതൃത്വം മുന്നോട്ടു പോകണം. പാർട്ടി പുനഃസംഘടനകൾ യുവാക്കൾക്ക് പ്രതിനിധ്യം ലഭിക്കണം. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന അഭിപ്രായമില്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്ത് പിടിച്ചു പോകണമെന്നുമായിരുന്നു ചാണ്ടി പറഞ്ഞത്.