തനിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീങ്ങുകയാണെന്നും വരും ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും തന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ് നടക്കാമെന്നുമുള്ള ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ദേശീയ തലത്തില്‍ വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. കര്‍ണ്ണാടകയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കാന്‍ കരുക്കള്‍ നീക്കിയതും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഏതാണ്ട് ഒരാഴ്ചയോളം ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തതും കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവങ്ങളായിരുന്നു. അന്ന് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയായിരുന്നു നരേന്ദ്രമോദി കേന്ദ്രം ഭരിച്ചിരുന്നതും. എന്നാല്‍ ഇപ്പോള്‍ രണ്ടു ഘടകകക്ഷികളുടെ പിന്തുണയോടെ ഭരിക്കുന്ന മോദി ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ പദവിയുള്ള പഴയതിനെക്കാള്‍ ശക്തനായ രാഹുല്‍ഗാന്ധിയെ ഇഡിയില്‍ കുടുക്കാന്‍ ശ്രമിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
രാഹുലിന്റെ ലോക്സഭയിലെ ചക്രവ്യൂഹത്തെക്കുറിച്ചുള്ള പ്രസംഗം ബിജെപിയെയും മോദിയെയും സംബന്ധിച്ചിടത്തോളം വലിയ ആഘാതം തന്നെയായിരുന്നു. ‘മഹാഭാരത കഥയില്‍ ചക്രവ്യൂഹത്തില്പ്പെടുത്തിയാണ് അര്‍ജ്ജുനന്റെ മകനായ അഭിമന്യുവിനെ കൗരവര്‍ വധിച്ചത്. അന്ന് ആറുപേരായിരുന്നു അതിന് നേതൃത്വം നല്‍കിയത്. ചക്രവ്യൂഹത്തിന് പത്മവ്യൂഹം എന്ന പേരുകൂടിയുണ്ട്. പത്മം എന്നാല്‍ താമര പ്രധാനമന്ത്രി താമരയുടെ രൂപം തന്റെ കോട്ടില്‍ അണിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ചിഹ്നവുമതാണ്. മഹാഭാരതത്തിലെ ആറുപേര്‍ക്ക് പകരം ഇവിടെ മോദി അമിത്ഷാ, മോഹന്‍ഭഗവത്, അജിത് ഡോവല്‍, അദാനി, അംബാനി എന്നിവരാണ് ചക്രവ്യൂഹമുണ്ടാക്കിയിരിക്കുന്നത്. അഭിമന്യുവിന്റെ സ്ഥാനത്ത് കര്‍ഷകരും തൊഴില്‍ രഹിതരായ ചെറുപ്പക്കാരും സാധാരണമനുഷ്യരുമാണുള്ളത്’ രാഹുലിന്റെ ഈ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എല്ലാ മാധ്യമങ്ങളും ഈ പ്രസംഗം ഏറ്റെടുക്കുകയും ചെയ്തു.
ബിജെപി ആര്‍എസ്എസ് നേതൃത്വത്തിലെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയും, കോര്‍പ്പറേറ്റ് ഭീമന്‍മ്മാരെയും ചൂണ്ടിക്കൊണ്ടുള്ള രാഹുലിന്റെ ഈ വിമര്‍ശനം വലിയ തലവേദനയാണ് ബിജെപിക്കുണ്ടാക്കിയത്. 230 അംഗങ്ങള്‍ ലോക്സഭയില്‍ പ്രതിപക്ഷത്തിനുണ്ട് എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാണ്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിപക്ഷ നിരയാണ് ഈ ലോക്സഭയിലേത്. അതുകൊണ്ട് തിരിച്ചാക്രമിക്കുന്നതിന് ബിജെപിക്ക് വലിയ പരിമതിയുണ്ട്. ഭരണത്തെ താങ്ങി നിര്‍ത്തുന്ന ഘടകകക്ഷികളായ ജനതാദള്‍ യു, തെലുഗുദേശം എന്നിവര്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ബിജെപിയെ തുണക്കാന്‍ രംഗത്തുവരാറില്ല.
ബഡ്ജറ്റ് തെയ്യാറാക്കിയ ഉദ്യോഗസ്ഥരുമായി ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് കേക്ക് മുറിക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഈ ഉദ്യോഗസ്ഥരില്‍ എത്ര പിന്നോക്കക്കാരുണ്ട് എന്ന ചോദ്യം ബിജെപിയെ ശരിക്കും വലച്ചു. ഇതിന് മറുപടി പറയാന്‍ ബിജെപി നന്നായി വിഷമിക്കുകയും ചെയ്തു. സ്വന്തം ജാതിയേതെന്ന് അറിയാത്തയാളാണ് രാഹുല്‍ഗാന്ധിയെന്ന ദുര്‍ബലവും അരാഷ്ട്രീയവുമായ ചോദ്യം ഉയര്‍ത്തിയാണ് അനുരാഗ് താക്കൂറിലൂടെ ബിജെപി ഇതിനെ നേരിടാന്‍ ശ്രമിച്ചതും.
അതേ സമയം രാഹുലിനെതിരെ വീണ്ടും ഇഡിയെ ഉപയോഗിക്കാന്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇത് മനസിലാക്കിയാണ് ഇഡി വിഷയം രാഹുല്‍ എടുത്തിട്ടത്. തെലുഗുദേശം, ജനതാദള്‍ യു എന്നീ ഘടകക്ഷികള്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതിന് എതിരായ നിലപാടുള്ളവരാണ്. ഇതാണ് ഇപ്പോള്‍ ബിജെപിയെ കുഴക്കുന്നത്. ഇത് മനസിലാക്കിയാണ് രാഹുല്‍ ഇത്തരമൊരു വിഷയം എടുത്തിട്ടത്.
തനിക്കെതിരെ ഇഡി നീങ്ങാന്‍ സാധ്യതയുണ്ടെന്ന സൂചന രാഹൂലിന് ലഭിച്ചിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് ബിജെപിയെ പ്രതിരോധത്തിലാക്കാനും അവരെ പിന്തുണക്കുന്ന ഘടകക്ഷികളെ ആശയക്കുഴപ്പത്തിലാക്കാനുമാണ് രാഹുല്‍ ഈ വിഷയം എടുത്തിട്ടതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.