തിരുവനന്തപുരം ∙ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാടിന് പുറമെ, കണ്ണൂരിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്. കോട്ടയം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടാണ്. കനത്ത മഴയെ തുടർന്നു വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റർ വീതം ഉയർത്തി. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ കാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൂരാച്ചുണ്ട് കക്കയം ഡാമില്‍ വെള്ളം നിറഞ്ഞതോടെ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലൂ അലര്‍ട്ട് നല്‍കിയത്. മഴ തുടര്‍ന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഷട്ടര്‍ തുറക്കേണ്ടി വരും. കക്കയം ഡാമില്‍ നിലവില്‍ 755.50 മീറ്റര്‍ വെള്ളം ഉണ്ട്. ഇത് ഡാമിന്റെ 70 ശതമാനത്തില്‍ അധികമാണ്. ആയഞ്ചേരി ടൗണിൽ തീക്കുനി റോഡിൽ വെള്ളം കയറിയതോടെ യാത്ര ദുഷ്കരമായി. കടകളിലേക്കും വെള്ളം കയറി.
എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറിൽ കാട്ടാന ഒഴുകിപ്പോയി. പൂയംകുട്ടിയിൽ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്. ശക്തമായ മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു. കക്കുഴി പറമ്പത്ത് നാണുവിൻ്റെ വീടാണ് ഇന്നലെ അർധരാത്രി നിലംപതിച്ചത്. വീട് തകരുന്ന ശബ്ദം കേട്ട് ആളുകൾ പുറത്തേക്ക് ഇറങ്ങിയതിനാൽ അപകടം ഒഴിവായി. മലപ്പുറം തിരുരങ്ങാടിയിൽ നിരവധി വീടുകളിൽ വെള്ളംകയറി . പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലേക്കാണ് വെള്ളം കയറിയത്. കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. പ്രദേശത്ത് നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കണ്ണൂർ മട്ടന്നൂരിൽ കാർ വെള്ളക്കെട്ടിൽ കുടുങ്ങി. കൊട്ടാരം – പെരിയത്തിൽ റോഡിലാണ് കർണാടക സ്വദേശികളുടെ കാർ കുടുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി.