കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
അങ്കമാലിയിൽ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ജൂൺ എട്ടിന് പുലർച്ചെയാണ് അങ്കമാലി അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ തീപിടിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ മാത്യു (40), മക്കളായ ജൊവാന (8), ജാസ്വിൻ (5) എന്നിവരാണ് മരിച്ചത്. വീടിന്റെ താഴത്തെ നിലയിൽ കിടന്നുറങ്ങിയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് തീയാളുന്നത് ആദ്യം കണ്ടത്. ഇവർ ബഹളം വെച്ചതോടെ അയൽവാസികൾ ഓടിയെത്തി തീയണക്കാൻ ശ്രമം തുടർന്നെങ്കിലും തീ ആളിപ്പടർന്നു. ബിനീഷും ഭാര്യയും മക്കളും കിടന്നുറങ്ങിയിരുന്ന മുറിക്കാണ് തീപിടിച്ചത്. തീ അണച്ചപ്പോഴേക്കും ഇവർ മരിച്ചിരുന്നു. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തിയിരുന്നു.