കണ്ണൂർ: മുതിർന്ന സിപിഎം നേതാവും സംസ്ഥാന സമിതി അംഗവുമായ പി.ജയരാജന്റെ മകൻ ജയിൻ രാജിന് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം. യുവനേതാവും അടുത്തിടെ സിപിഎമ്മിൽ നിന്നും പുറത്തുപോയ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഉൾപ്പെട്ട സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയിൻ രാജ് ആണെന്നാണ് മനുവിന്റെ ആരോപണം. വഴിവിട്ട ബിസിനസ് ബന്ധങ്ങൾ പി.ജയരാജന്റെ കുടുംബത്തിനുണ്ടെന്നും ക്വട്ടേഷൻ സംഘങ്ങൾക്ക് സിപിഎമ്മിന്റെ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും മനു വ്യക്തമാക്കി. പി.ജയരാജനെ പുകഴ്ത്തി പോസ്റ്റുകൾ ഇടുന്ന റെഡ് ആർമി എന്ന നവമാധ്യമ കൂട്ടായ്മ നിയന്ത്രിക്കുന്നത് ജയിൻ രാജാണ്. കഴിഞ്ഞ ദിവസം പി.ജയരാജൻ തനിക്കെതിരേ പോസ്റ്റിട്ടത് പാർട്ടിയിലെ ഫാൻസുകാരെ തൃപ്തിപ്പെടുത്താനാണ്. തനിക്ക് ക്വട്ടേഷൻ സംഘത്തിന്റെ വധഭീഷണിയുണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു വാർത്താ ചാനലിനോട് പ്രതികരിച്ചു.