ന്യൂഡൽഹി :യുജിസി-നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പരീക്ഷ റദ്ദാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് സിബിഐ കേസിൽ അന്വേഷണം തുടങ്ങിയത്. നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകളെ ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കെയാണ് നെറ്റ് ചോദ്യപേപ്പർ ചോർച്ചയും പുറത്തുവന്നത്. യുജിസി-നെറ്റ് പരീക്ഷ പേപ്പർ ഡാർക്ക്നെറ്റിൽ ചോർന്നതായി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യാഴാഴ്ച വൈകീട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
അതിനിടെ, യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയ കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തുടനീളം വൻ പ്രതിഷേധമാണ് ഉയർന്നത്.വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകൾ ലഖ്നൗ സർവകലാശാലയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. എൻടിഎയും കേന്ദ്രവും വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുകയാണെന്ന് കോൺഗ്രസും ടിഎംസിയും ഉൾപ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചു. പരമ്പരാഗത സെർച്ച് എഞ്ചിൻ വഴി പൊതുജനങ്ങൾക്ക് ദൃശ്യമാകാത്ത ഇൻ്റർനെറ്റിൻ്റെ എൻക്രിപ്റ്റ് ചെയ്ത ഭാഗമാണ് ഡാർക്ക്നെറ്റ്.യുജിസി-നെറ്റ് പരീക്ഷയാണ് ജൂനിയർ റിസർച്ച് ഫെലോഷിപ്പുകൾക്കും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും സർവകലാശാലകളിലും കോളേജുകളിലും പിഎച്ച്ഡി പ്രവേശനത്തിനും ഉള്ള യോഗ്യത നിർണ്ണയിക്കുന്നത്. ഈ വർഷം ജൂൺ 18 ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷയിൽ 11 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു.