ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി. വിഡിയോ കോൺഫറൻസ് മുഖാന്തരമാണ് കെജ്രിവാൾ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരായത്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മേയ് 10ന് സുപ്രീംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജാമ്യകാലാവധിക്ക് ശേഷം ജൂൺ രണ്ടിന് കെജ്രിവാൾ തീഹാർ ജയിലിൽ തിരിച്ചെത്തി.