കണ്ണൂർ: തലശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആൾതാമസമില്ലാത്ത വീടിനോടുചേർന്ന പുരയിടത്തിൽ വൃദ്ധൻ തേങ്ങ പെറുക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്നാണ് പൊലീസ് പറയുന്നത്.
പറമ്പിൽ നിന്ന് കിട്ടിയ വസ്തു വേലായുധൻ തുറക്കാൻ ശ്രമിക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗുരുതര പരിക്കേറ്റ ഇയാളെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ പരിശോധന നടത്തി വരികയാണ്.