കണ്ണൂര്‍: പാനൂരില്‍ ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍നിന്ന് വനിതാ ലീഗ് പ്രവര്‍ത്തകരെ വിലക്കി ലീഗ് നേതാവ്. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരില്‍ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതില്‍ വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും എന്നാല്‍, റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമാണ് പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.
ആവേശതിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല. വനിതാ പ്രവര്‍ത്തകര്‍ ആക്ഷേപം വരാതെ ജാഗ്രത പുലര്‍ത്തണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ വനിതകള്‍ കാണിക്കുന്ന ആവേശം നമുക്ക് പാടില്ലെന്നുമാണ് നിര്‍ദേശം.വോട്ടെണ്ണല്‍ ദിവസം പാനൂരില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ആഘോഷിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നേതാവിന്റെ വിവാദ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.