ആലപ്പുഴ : കേരള സംസ്ഥാനലോട്ടറിയുടെ വിഷുബംബർ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. സിആർപിഎഫ് വിമുക്തഭടനാണ്. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.
കുറച്ചുനാൾ എറണാകുളത്തെ ഒരു ബാങ്കിൽ സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വാർത്ത അറിഞ്ഞയുടൻ ആളുകളെത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരൻ പറഞ്ഞു.സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്. എല്ലാത്തവണയും വിഷു ബംപറെടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. ലോട്ടറിത്തുക കൊണ്ട് വീട് നന്നാക്കണമെന്നാണ് ആദ്യം തോന്നുന്നതെന്നും അടുത്ത ബന്ധുക്കൾക്ക് വീട് വച്ചുനൽകണമെന്നും വിശ്വംഭരൻ പറഞ്ഞു. ബംപറടിച്ച വിവരം കഴിഞ്ഞദിവസം രാത്രി വീട്ടുകാരോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് വ്യാഴാഴ്ച രാവിലെ ആലപ്പുഴയിലെ തൃക്കാർത്തിക ഏജൻസിയിലെത്തി വിവരം പറയുകയായിരുന്നു.