ന്യൂഡല്‍ഹി : കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായല്‍ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിനാണ് ഇത്തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്കാരം. മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്.
മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫെസ്റ്റിവല്‍ വേദിയിലേക്കെത്തുന്നത്. ഗോള്‍ഡന്‍ പാമിനായി മത്സരിച്ച ചിത്രത്തിന്റെ പ്രിമിയര്‍ വെള്ളിയാഴ്ച ആയിരുന്നു.22 ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നത്. സീന്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ എന്ന ചിത്രത്തിനാണ് ഇത്തവണത്തെ പാംദോര്‍ പുരസ്കാരം.ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ മെഗാലോപോളിസ്, സീന്‍ ബേക്കറുടെ അനോറ, യോര്‍ഗോസ് ലാന്തിമോസിന്റെ കൈന്‍ഡ്സ് ഓഫ് ദയ, പോള്‍ ഷ്രാഡറിന്റെ ഓ കാനഡ, മാഗ്നസ് വോണ്‍ ഹോണിന്റെ ദി ഗേള്‍ വിത്ത് ദ നീഡില്‍, പൗലോ സോറന്റീനോയുടെ പാര്‍ഥെനോപ്പ് എന്നിവയും കാന്‍ ഫെസ്റ്റിവലില്‍ മത്സരിച്ചു.1994 ല്‍ ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ‘സ്വം’ ആണ് ഇതിനു മുന്നേ ഇന്ത്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം.