ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മോദിയെ 6 വർഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മുസ്ലീം സമുദായത്തിനെതിരെ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് പരാമർശമുണ്ടായിരുന്നു. ഈ പരാമര്‍ശങ്ങളാണ് ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുള്ളത്.
ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയത് ചൂണ്ടിക്കാട്ടി ആനന്ദ് എസ്.ജൊന്ദാലെ എന്ന അഭിഭാഷകനാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ മതപരമായും ജാതീയമായും വിദ്വേഷണം സൃഷ്ടിക്കുന്നതാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദൈവങ്ങളെയോ ആരാധനാലയങ്ങളെയോ ഉപയോഗിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണ് മോദിയുടെ പ്രസംഗത്തിലുണ്ടായതെന്നാണ് ഹർജിയിലെ പ്രധാന വാദം. തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ മോദി മതവും ജാതിയും നിരന്തരം ഉപയോഗിക്കുന്നു എന്നും ഹർജിയിൽ പറയുന്നു