കോഴിക്കോട്: വടകര ടൗണിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് അനുമതിയില്ല. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വടകര സ്ഥാനാർത്ഥികളെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ശക്തമായ പോരാണ് നടക്കുന്നത്. ഇത് കൊട്ടിക്കലാശത്തിൽ പ്രതിഫലിച്ചേക്കാനുള്ള സാഹചര്യം കണക്കിലെടുത്താനാണ് തീരുമാനം.
വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും സിപിഎം സ്ഥാനാർത്ഥി കെ കെ ശൈലജയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായാണ് ഇരു മുന്നണികളും പ്രചാരണം കൊഴുപ്പിക്കുന്നത്.ഇതിനിടെ ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ വക്കീൽ നോട്ടീസ് അയച്ചു. നവമാധ്യമ പ്ലാറ്റ്ഫോമുകളിൽ സ്ഥാനാർത്ഥിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ, മോർഫ് ചിത്രങ്ങൾ, വ്യാജ വീഡിയോകൾ എന്നിവ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.