തരുൺ മൂർത്തി ചിത്രത്തിൽ 15 വർഷത്തിന് ശേഷം ഒരുമിക്കാൻ മോഹൻലാലും ശോഭനയും. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. 20 വർഷങ്ങൾക്ക് മുമ്പ് 2004ൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലത്തി’ലാണ് ഇരുവരും അവസാനമായി നായികാനായകന്മാരായി എത്തിയത്.
പുതിയ സിനിമയ്ക്കായി സൂപ്പർ എക്സൈറ്റഡ് ആണെന്നും നാല് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന പറഞ്ഞു. താനും മോഹൻലാലും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും നടി വ്യക്തമാക്കി. 2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടേതായി അവസാനം തീയറ്ററുകളിലെത്തിയ ചിത്രം.
‘എൽ360’ എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും സിനിമയ്ക്ക് പ്രതീക്ഷകളേറെയാണ്.