പ്രമുഖ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയില് നിന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചെലവ് ചുരുക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രിക് കാറുകളുടെ വില കുറച്ചിട്ടും വാഹന വില്‍പ്പനയില്‍ കമ്പനിക്ക് ഇടിവ് സംഭവിച്ചിരുന്നു. തീരുമാനം നടപ്പായാല്‍ കമ്പനിയുടെ ആഗോള തലത്തിൽ 14000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു ജോലി തന്നെ ഒന്നിലധികം പേര് ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. അടുത്ത ഘട്ടത്തിലും വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ ചെലവ് ചുരുക്കിയേ മതിയാവൂ എന്ന് മസ്ക് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. ‘വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിനായി കമ്പനിയെ തയ്യാറാക്കുമ്പോള്‍, ചെലവ് കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും കമ്പനിയുടെ എല്ലാ വശങ്ങളും നോക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ ജീവനക്കാരുടെ എണ്ണം 10 ശതമാനത്തിലധികം കുറയ്ക്കുകയാണെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു.