ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കം മൂലം പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് പിവിആർ. കൊച്ചി, തിരുവനന്തപുരം പിവിആറില്‍ മലയാളം സിനിമകളുടെ പ്രദര്‍ശനം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ഫോറം മാളില്‍ പുതുതായി തുടങ്ങിയ പിവിആര്‍- ഐനോക്സിലും പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നില്ല. ഇന്ത്യയിലെ മുഴുവന്‍ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്കരിച്ചിട്ടുണ്ട്. ജയ് ഗണേഷ്, ആവേശം, വര്‍ഷങ്ങള്‍ ശേഷം എന്നീ മൂന്ന് മലയാള സിനിമകളുടെ ടിക്കറ്റ് ബുക്കിംഗ് പിവിആറിൽ നടക്കുന്നില്ല.
എന്നാൽ മറ്റ് ഭാഷകളിലെ സിനിമകളുടെ പ്രദർശനത്തിന് പ്രശ്നമില്ല. പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടെ മിയാന്‍, അജയ് ദേവ്ഗണിന്റെ ചിത്രം മൈതാന്‍ തുടങ്ങി ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ഒട്ടേറെ സിനിമകള്‍ പിവിആറില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മലയാള സിനിമകളുടെ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്റിറിംഗ് ചെയ്ത് തിയേറ്ററുകളില്‍ എത്തിച്ചിരുന്നവർ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതാണ് നിലവിലെ പ്രശ്നത്തിന് കാരണം. ഇതിനെതിരെ മലയാള സിനിമയിലെ നിര്‍മാതാക്കള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. തീയേറ്ററുകളില്‍ ഡിജിറ്റല്‍ പ്രിന്റ് എത്തിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ നല്കുന്ന ഫീസിനോടൊപ്പം നിര്‍മാതാക്കളുടെ കയ്യില്‍നിന്നും ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയില്‍ താഴെ മാത്രം ചെലവില്‍ തിയേറ്ററുകളില്‍ സിനിമ എത്തിക്കാന്‍ കഴിയുമെന്നിരിക്കെ, ഉയര്‍ന്ന തുക നല്കി സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് എന്നാണ് നിര്‍മാതാക്കളുടെ സംഘടന ചോദിക്കുന്നത്.
തുടര്‍ന്ന് ഡിജിറ്റല്‍ കണ്ടന്റ് സംവിധാനം വഴി മലയാളി നിര്‍മാതാക്കള്‍ മാസ്റ്ററിംഗ് യൂണിറ്റ് തുടങ്ങിയതാണ് പിവിആറിനെ ചൊടിപ്പിച്ചത്. ഡിജിറ്റല്‍ കണ്ടന്റ് പുതുതായി നിര്‍മിക്കുന്ന തിയേറ്ററുകളില്‍ ഉപയോഗിക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഫോറം മാളിലെ പുതുതായി തുടങ്ങിയ തിയറ്ററുകളിലും ഉപയോഗിക്കാന്‍ പിവിആറിനോട് ആവശ്യപ്പെട്ടതോടെ വലിയ തര്‍ക്കമായി. പരിഹാരം കണ്ടെത്താന്‍ സംഘടനകള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.