പ്രിഥ്വിരാജ്- ബ്ലസ്സി കൂട്ടുകെട്ടിൽ ഇറങ്ങിയ ആടുജീവിതം റെക്കോർഡ് ബുക്കിലേക്ക്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് സിനിമ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ആഗോള കളക്ഷൻ 50 കോടി ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് നേടുന്ന മലയാള സിനിമയെന്ന ഖ്യാതിയും ആടുജീവിതം സ്വന്തമാക്കി. മോഹൻലാലിന്റെ ലൂസിഫറിനെയാണ് മറികടന്നത്. 28നായിരുന്നു സിനിമ റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ കളക്ഷൻ 15 കോടിക്ക് മുകളിലായിരുന്നു. തുടർന്ന് അവധി ദിവസങ്ങൾ കൂടി വന്നതോടെ ഓൺലൈൻ ബുക്കിംഗ് അടക്കം കുതിച്ചുയർന്നു. ഇതാണ് ഇത്രയും വലിയ കളക്ഷനിലേക്ക് സിനിമയെ എത്തിച്ചത്.
82 കോടിയാണ് സിനിമയുടെ ആകെ ചെലവ്. ജോർദാനിലായിരുന്നു സിനിമയുടെ മുഖ്യ പങ്കും ചിത്രീകരിച്ചത്. 15 വർഷത്തിന് മുൻപ് സിനിമാചർച്ച ആരംഭിച്ചെങ്കിലും 2018ലായിരുന്നു ചിത്രീകരണം തുടങ്ങിയത്. ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. ഓസ്കർ ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തി.