ന്യൂഡൽഹി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽനിന്ന് അടിയന്തരമായി വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു ഹൈക്കോടതിയിൽനിന്ന് ഇടക്കാലാശ്വാസം ലഭിച്ചില്ല. കേസ് വീണ്ടും ഏപ്രിൽ 3നു പരിഗണിക്കും. അന്നു തന്നെ തീരുമാനം ഉണ്ടാകുമെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ഉത്തരവിൽ വ്യക്തമാക്കി. ഇടക്കാലാശ്വാസം തേടി കെജ്രിവാൾ നൽകിയ ഹർജിയിൽ ഇഡിക്കു നോട്ടിസയച്ചു. ഇതിന് ഏപ്രിൽ 2നുള്ളിൽ ഇഡി മറുപടി നൽകണം.
അതേസമയം, കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഉച്ചയ്ക്കു 2നു റൗസ് അവന്യൂ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. അറസ്റ്റിനെതിരെ കെജ്രിവാൾ നൽകിയ ഹർജിയുടെ പകർപ്പ് തങ്ങൾക്കു നൽകിയില്ലെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടു. 23നു കോടതിയിൽ നൽകിയ ഹർജിയുടെ പകർപ്പ് ഇന്നലെ മാത്രമാണു തങ്ങൾക്കു ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.വാദത്തിനിടെ ഇന്നലെ ഇഡിക്കെതിരെ കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു. കെജ്രിവാളിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. കേസിൽ കുടുക്കാൻ പാളയത്തിലുള്ളവരെ തന്നെ ഒറ്റുകാരാക്കിയെന്നാണു സിങ്വി പറഞ്ഞത്. ചരിത്രത്തിലും ഇത്തരത്തിലുള്ള വഞ്ചകരുണ്ട്. അവർക്കു അവരുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്. അവരുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും സിങ്വി വാദിച്ചു.
ഇതു ജനാധിപത്യം കൂടി ഉൾപ്പെട്ട കേസാണ്. നിയവിരുദ്ധമായ അറസ്റ്റ് ആണെങ്കിൽ ഒരു ദിവസം പോലും തടവിൽ കഴിയുന്നത് ന്യായീകരിക്കാനാകില്ല. കൂടുതൽ സമയം നീട്ടിച്ചോദിക്കുന്നതിലൂടെ ഇഡി അവരുടെ ഗൂഢോദ്ദേശ്യം വെളിപ്പെടുത്തുകയാണെന്നും സിങ്വി വാദിച്ചു.കൂടുതൽ സമയം ആവശ്യപ്പെടുന്നതിലൂടെ ഇഡി മനഃപൂർവം കാലതാമസം വരുത്തുകയാണെന്നു സിങ്വി ആരോപിച്ചു. പിന്നീട് സിങ്വി കെജ്രിവാളിന്റെ അറസ്റ്റും ഇഡിയുടെ നടപടികളെയും രൂക്ഷമായി വിമർശിച്ചു.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more