തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയിലെത്തുമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ആന്റണിയുടെ മകൻ അനില്‍ ആന്റണി ബിജെപിക്ക് വേണ്ടി പത്തനംതിട്ടയില്‍ നിന്നാണ് മത്സരിക്കുന്നത്. മകനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് വേണ്ടിയാണ് ആന്റണി പത്തനംതിട്ടയിലെത്തുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ താൻ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്, ആരോഗ്യം അനുവദിക്കുന്നത് പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തും, ഇത് കോൺഗ്രസിന് ഡു ഓർ ഡൈ ഇലക്ഷനാണ്, ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാന്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
ഒരിക്കല്‍ക്കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ പലതും സംഭവിക്കാം. എന്ത് വന്നാലും കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാവുക സാധ്യമല്ല. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിന് അന്ത്യം കുറിക്കും. ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ സിഎഎ പിന്‍വലിക്കും. ഇക്കാര്യം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പലവട്ടം പറഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.