സിനിമ പ്രമികളെ അവേശത്തിലാക്കി വമ്പൻ പ്രഖ്യാപനവുമായി ഉലകനായകൻ കമൽഹാസൻ. തമിഴിൽ ഉടൻ വരുന്ന കമൽഹാസൻ-ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2ന് ശേഷം അടുത്ത പതിപ്പും ഉടനുണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യന്റെ വരവ് രണ്ട് ഭാഗങ്ങളിൽ നിൽക്കില്ല, അതിന് മൂന്നാം ഭാഗവുമുണ്ടാകും. ഇന്ത്യൻ രണ്ട്, മൂന്ന് ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ 2-ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. ഇതിനുശേഷം മൂന്നാം ഭാഗത്തിന്റെ തുടർപ്രവർത്തനങ്ങൾ നടത്തുമെന്നും കമൽഹാസൻ പറഞ്ഞു.
1996ൽ ഷങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ 2 ഉം 3യും ചിത്രങ്ങൾ. സേനാപതി എന്ന കഥാപാത്രമായാണ് കമൽഹാസൻ എത്തുന്നത്. ചിത്രത്തിന്റെ ഒരു ഗ്ലിംപ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എസ്.ജെ. സൂര്യ, സിദ്ധാർത്ഥ്, കാജൽ അഗർവാൾ, പ്രിയാ ഭവാനി ശങ്കർ, രാകുൽപ്രീത് എന്നിവരാണ് ഇന്ത്യൻ 2-ലെ മറ്റ് അഭിനേതാക്കൾ. താൻ അഭിനയിക്കുന്ന പ്രഭാസ് നായകനായി വരുന്ന കൽക്കി, മണിരത്നം സംവിധാനംചെയ്യുന്ന തഗ് ലൈഫ് എന്നീ ചിത്രങ്ങളേക്കുറിച്ചും കമൽഹാസൻ പറഞ്ഞു. തഗ് ലൈഫിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും കൽക്കിയിലേത് അതിഥി വേഷമാണെന്നും താരം വ്യക്തമാക്കി.