ന്യൂഡൽഹി: മദ്യനയ അഴിമതി കേസിലെ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. അറസ്റ്റും റിമാന്‍ഡ് ഉത്തരവും നിയമ വിരുദ്ധമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. എത്രയും പെട്ടെന്നു കസ്റ്റഡിയില്‍ നിന്നു മോചിപ്പിക്കണമെന്നും ഹർജിയിൽ വ്യക്തമാക്കി.
കോടതി അടിയന്തരമായി ഞായറാഴ്ച സിറ്റിങ് നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യം കോടതി തള്ളി. വരുന്ന ബുധനാഴ്ച കോടതി പരിഗണിക്കും.അറസ്റ്റ് ചെയ്തതിനു പിന്നാലെ കെജ്രിവാളിനെ ആറ് ദിവസത്തെ കസ്റ്റഡിയിൽ വിടാൻ ഡൽഹി റോസ് അവന്യൂ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്.