ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ആറ് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്ത രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്പാല്, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി ഠാക്കൂര്‍, ചേതന്യ ശര്‍മ എന്നിവരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ച വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.
ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, മുന്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചു. വെള്ളിയാഴ്ച സ്വതന്ത്ര എംഎൽഎമാരായ ആശിഷ് ശര്‍മ, ഹോഷിയാര്‍ സിംഗ്, കെ.എല്‍. ഠാക്കൂര്‍ എന്നിവർ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രരായി മത്സരിച്ച മൂവരും പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.