‘ഊ അന്തവാ’ പാട്ടിലെ അഭിനയം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് നടി സാമന്ത. ‘അഭിനേതാവ് എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം എന്ന ചിന്തയിൽ നിന്നുമാണ് ‘ഊ അന്തവാ’ പാട്ട് ചെയ്യാം എന്ന തീരുമാനത്തിലേക്കെത്തിയത്. അത് അത്ര എളുപ്പമായിരുന്നില്ല. എനിക്ക് ആത്മവിശ്വാസവും ഉണ്ടായിരുന്നില്ല. ഞാൻ അത്ര പോരെന്നും സുന്ദരിയല്ലെന്നും മറ്റു പെൺകുട്ടികളെപ്പോലെ അല്ലെന്നുമുള്ള ചിന്തയായിരുന്നു മനസ്സിൽ. അതിനാൽ ആ പാട്ട് ചിത്രീകരിക്കുന്നതു വലിയ വെല്ലുവിളിയായിരുന്നു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു സാമന്തയുടെ തുറന്നുപറച്ചിൽ.
വെല്ലുവിളികൾ ഏറ്റെടുക്കാൻ എന്നും തനിക്ക് ഇഷ്ടമാണെന്നും അത്ര ആത്മവിശ്വാസത്തോടെയല്ല പാട്ടിൽ അഭിനയിച്ചതെന്നും സമാന്ത പറഞ്ഞു. പാട്ടിലെ ആദ്യരംഗമെടുത്തപ്പോൾ താൻ വിറയ്ക്കുകയായിരുന്നുവെന്നും നടി വെളിപ്പെടുത്തി. ഇനിയൊരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ലെന്നും സാമന്ത പറഞ്ഞു. ‘ഊ അന്തവാ’യുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോൾ പേടിച്ച് വിറയ്ക്കുകയായിരുന്നു ഞാൻ. കാരണം, സെക്സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ, എന്നെ സ്വയം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ നിർത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും സ്വയം വളരാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത്.
വിവാഹമോചനത്തിനിടെയാണ് ഡാൻസ് എന്നിലേക്ക് എത്തുന്നത്. ഒരു ഐറ്റം സോങ്ങിൽ ഞാൻ എത്തും എന്ന പ്രഖ്യാപനമുണ്ടായതോടെ എൻറെ അടുപ്പക്കാരും കുടുംബവും അതിൽ നിന്നും പിന്തിരിപ്പിക്കാൻ ഏറെ ശ്രമിച്ചു. വിവാഹമോചന സമയത്ത് ഐറ്റം ഡാൻസ് ചെയ്യരുത് എന്നാണ് അവർ പറഞ്ഞത്. വെല്ലുവിളികൾ ഏറ്റെടുക്കാൻ എനിക്ക് ധൈര്യം തന്ന അടുത്ത സുഹൃത്തുക്കൾ പോലും ഐറ്റം ഡാൻസ് ചെയ്യരുതെന്ന് ഉപദേശിച്ചു. അങ്ങനെയെങ്കിൽ അത് തീർച്ചയായും ചെയ്യണമെന്ന് എനിക്കു തോന്നി. പക്ഷേ ഇനി ഞാൻ ഐറ്റം ഡാൻസ് അവതരിപ്പിക്കില്ല. കാരണം, അതിൽ ഞാൻ വെല്ലുവിളികൾ ഒന്നും കാണുന്നില്ല’, സാമന്ത പറഞ്ഞു.
‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സാമന്തയുടെ ‘ഊ അന്തവാ’ എന്ന ഹോട്ട് നമ്പർ. നടിയുടെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണിത്. സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയായിരുന്നു സാമന്ത ഐറ്റം ഗാനത്തിൽ അഭിനയിച്ചത്. അല്ലു അർജുൻ നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് താൻ പുഷ്പയിൽ ഐറ്റം ഡാൻസ് ചെയ്തതെന്നു താരം നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഒറ്റപ്പാട്ടിനു വേണ്ടി നടി കോടികൾ പ്രതിഫലം വാങ്ങിയെന്നാണു റിപ്പോർട്ട്. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ‘ഊ അന്തവാ’ എന്ന ഗാനം തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ആലപിച്ചത്.