ബാര്‍സലോണ: പീഢന കേസില്‍ ജയിലിലായിരുന്ന ബ്രസീല്‍ മുന്‍താരം ഡാനി ആല്‍വസ് ജയിലില്‍ ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ അടുത്തവര്‍. ബ്രസീലിയന്‍ മാധ്യമ പ്രവര്‍ത്തകനായ പൗലോ ആല്ബുക്യുര്ക്യേയാണ് ഡാനി ആല്‍വസ് ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത പുറത്ത് വിട്ടത്. 23കാരിയായ പെണ്‍കുട്ടിയെ ബാര്‍സലോണയിലെ നൈറ്റ് ക്ലബ്ബില്‍ വെച്ച് പീഢിപ്പിച്ചെന്ന കേസിലാണ് കോടതി നാലര വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചത്. എന്നാല്‍ ആല്‍വസ് ആത്മഹത്യ ചെയ്തിട്ടില്ലെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ അറിയിച്ചതായി മറ്റൊരു ബ്രസീലിയന്‍ മാധ്യമപ്രവര്ത്തകന് മാര്‍സലോ ബെച്ച്ലര്‍ അറിയിച്ചു. വക്കീലുമായി സംസാരിച്ച ശേഷമാണ് ഈ വിവരം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീലിന്റെയും ബാര്‍സലോണയുടെയും പ്രധാന താരമായിരുന്നു ഡാനി ആല്‍വേസ്. പീഢനക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ആല്‍വസിനെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ നിന്ന് ബാര്‍സലോണ നീക്കം ചെയ്തിരുന്നു. പിഎസ്ജി, ജുവന്റസ് തുടങ്ങിയ ക്ലബ്ബുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്. 43 കിരീടങ്ങളും കരിയറില്‍ ആല്‍വസ് നേടിയിട്ടുണ്ട്.