കൊച്ചി: കാസര്‍ഗോഡ് ഐഎസ് കേസുമായി ബന്ധപ്പെട്ടു ചാവേര്‍ അക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കറിനുള്ള ശിക്ഷ ഇന്നു വിധിക്കും. കേസില്‍ ശിക്ഷയിന്മേലുള്ള വാദം ഇന്നു കൊച്ചിയിലെ എൻഐഎ കോടതിയിൽ നടക്കും.
പ്രതി കുറ്റക്കാരനെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരേ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായും കോടതി വിധിച്ചു.കാസര്‍ഗോഡ് ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ചാവേര്‍ സ്ഫോടനത്തിന് പദ്ധതിയിട്ട കേസിന് ബന്ധമുണ്ട്. അതിനാല്‍ റിക്രൂട്ട്മെന്റ് കേസിന്റെ അനുബന്ധ കുറ്റപത്രമായാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. 2018 മേയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.