ആലപ്പുഴ: ബിജെപി നേതാവായ അഡ്വ.രഞ്ജിത്തിന്റെ വധത്തിന് ആധാരമായി എന്ന് കരുതപ്പെടുന്ന എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ വധക്കേസ് എങ്ങുമെത്താതെ ഇഴയുന്നു. മണിക്കൂറുകളുടെ ഇടവേളയിൽ നടന്ന ഇരട്ടക്കൊലപാതകങ്ങളിൽ ഒന്നിൽ മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിച്ചപ്പോൾ, ഷാൻ വധക്കേസിൽ വാദം പോലും ആരംഭിച്ചിട്ടില്ല . ഷാൻ വധക്കേസിലെ ആർ.എസ്.എസുകാരായ പ്രതികൾ ജാമ്യത്തിൽ പുറത്താണ്.
2021 ഡിസംബർ 18ന് രാത്രിയാണ് എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെടുന്നത്. 19ന് രാവിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഈ രണ്ട് കേസുകളിലും അന്വഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു. പക്ഷേ ആദ്യ സംഭവമായ ഷാൻ കൊലക്കേസ് ഇഴഞ്ഞു നീങ്ങുകയാണ്. ഷാൻ വധക്കേസിൽ 13 പ്രതികളാണുള്ളത്. ഇവരെല്ലാം ജാമ്യം ലഭിച്ച് പുറത്താണ്. കുറ്റപത്രം സമർപ്പിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. കേസിൻ്റെ മുന്നോട്ട് പോക്കിനെ കുറിച്ച് വ്യാപക പരാതി ഉയർന്നതോടെയാണ് കഴിഞ്ഞയാഴ്ച പി.പി ഹാരിസിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതിനുശേഷമാണ് അടുത്ത മാസം രണ്ടിന് ആലപ്പുഴ സെഷൻസ് കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചത്. രൺജിത്ത് വധക്കേസിലെ 15 പ്രതികളും വധശിക്ഷക്ക് വിധിക്കപ്പെടുമ്പോൾ ഷാൻ വധക്കേസിൽ പ്രാരംഭ നടപടികൾ പോലുമായിട്ടില്ല.