ന്യൂഡൽഹി : എൻഡിഎയിലേക്ക് മടങ്ങാൻ നീക്കമെന്ന സൂചനകൾക്കിടെ നിതീഷ് കുമാർ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചു . മുന്നണി മാറ്റ തീരുമാനത്തിൽ നിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പിന്നോട്ടില്ലെന്ന് സൂചന. കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടും നിതീഷ് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കി ആർജെഡി നേതൃത്വം രംഗത്തെത്തി. നിതീഷിൻ്റെ നീക്കത്തിൽ ജെഡിയുവിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
മഹാസഖ്യം ഉപേക്ഷിക്കരുതെന്ന് മുൻ അധ്യക്ഷൻ ലലൻ സിംഗടക്കം ഒരു വിഭാഗം നേതാക്കൾ നിതീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എൻഡിഎയിലേക്ക് പോകുമെന്ന നിലപാടിലാണ് നിതീഷ് കുമാർ. അതേസമയം, നിതീഷ് കുമാർ എൻഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബിഹാറിൽ ഇന്ന് ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ചേരും. പാറ്റ്നയിൽ നടക്കുന്ന യോഗത്തിൽ സഖ്യ വിപുലീകരണ സമിതിയംഗം വിനോദ് താവ്ഡെയും പങ്കെടുക്കും. അതിനിടെ, ബിഹാറിലെ സാഹചര്യം അമിത് ഷാ വിലയിരുത്തി.
ബി ജെ പിക്കൊപ്പം സർക്കാരുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് ജെ ഡി യു ബിഹാർ അധ്യക്ഷൻ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ സഖ്യം വിട്ട് നിതീഷ് കുമാറും ജെ ഡി യുവും എൻ ഡി എ മുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ ജെ ഡി യു ബിഹാർ അധ്യക്ഷൻ ഉമേഷ് കുശ്വാഹ നിഷേധിച്ചിരുന്നു. ഇന്ത്യ സഖ്യത്തിൽ തുടരുമെന്ന് ജെ ഡി യു ബിഹാർ അധ്യക്ഷൻ വ്യക്തമാക്കി. ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകൾ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബി ജെ പി നേതാവ് സുശീൽ മോദി എം പി രംഗത്തെത്തി. നിതീഷ് കുമാർ അടക്കം ആരുടെ മുന്നിലും എൻ ഡി എയുടെ വാതിലുകൾ അടച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീൽ മോദി അഭിപ്രായപ്പെട്ടു.