ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ ആസാമിൽ കേസെടുത്തതിൽ പ്രതികരണവുമായി കോൺഗ്രസ്. കേസെടുത്തതുകൊണ്ട് ന്യായ് യാത്രയിൽനിന്നു പിന്മാറില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ആസാം മുഖ്യമന്ത്രിയുടെ അഴിമതി തുറന്ന് കാട്ടും. ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ബിജെപി സർക്കാർ നോക്കേണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
മുൻകൂട്ടി നിശ്ചയിച്ച റൂട്ട് മാറ്റിയതിനും ഗതാഗതക്കുരുക്കും ജനത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കിയതിനുമാണ് ആസാം പോലീസ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ കേസെടുത്തത്. ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു.