തിരുവനന്തപുരം: പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്. ഷാഫി പറമ്പിൽ, അൻവർ സാദത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 ലധികം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസ്സമുണ്ടാക്കിയതിനും ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോർഡ് നശിപ്പിച്ചതിനുമാണ് കേസ്.
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം രാത്രിയാണ് ജയിൽ മോചിതനായത്. 8 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് വൻസ്വീകരണമാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുക്കിയത്. ജയിലിൽ നിന്നിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴാണ് വീണ്ടും മറ്റൊരു കേസ് കൂടി വരുന്നത്.