കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്രസർക്കാരിന്റെ അന്വേഷണവും ഒത്തുതീർപ്പിന്റെ ഭാഗമാകാമെന്ന് കെ. മുരളീധരൻ എംപി. കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയറ്റിൽ കയറേണ്ട സമയം കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം എന്തുമാത്രം മുന്നോട്ടുപോകുമെന്നത് ഇവർ തമ്മിലുള്ള അന്തർധാരയെ ആശ്രയിച്ചിരിക്കും. ഞങ്ങൾ ഇതിൽ വലിയ ആവേശമൊന്നും കാണിക്കുന്നില്ല കാരണം, കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയറ്റിൽ കയറേണ്ട സമയം കഴിഞ്ഞു. ഇപ്പോൾ കയറും കയറുമെന്ന് പറയുന്നതല്ലാതെ കയറുന്നില്ല. അത് ഒത്തുതീർപ്പിന്റെ ഭാഗമായാണ് കാണുന്നതെന്നും മുരളീധരൻ പറഞ്ഞു. ഇതൊരു ഭീഷണിയാണ്, ഞങ്ങളുടെ സമ്മർദത്തിനു വഴങ്ങിയില്ലെങ്കിൽ ശരിക്ക് കയറണമെങ്കിൽ കയറും. അതു കാണുമ്പോഴേക്കും മുഖ്യമന്ത്രി അകപ്പെടും. അതുകൊണ്ട് ഇതൊരു അന്തർധാരയിൽ അവസാനിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.