തൊടുപുഴ : മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട ഓപ്പറേറ്റർ മരിച്ച നിലയിൽ. മൂന്നാർ പെരിയകനാൽ സ്വദേശി ആനന്ദ് യേശുദാസാണ് മരിച്ചത്. ഇന്ന് രാവിലെ ഇടുക്കി വണ്ടൻമേട്ടിലാണ് സംഭവമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിപ്പെട്ടനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൂന്നു ദിവസമായി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യുകയായിരുന്നു ആനന്ദ്. രാവിലെ പണിക്കെത്തിയ തൊഴിലാളികളാണ് ആനന്ദിനെ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ആനന്ദിന് താമസിക്കാൻ അവിടെ സൗകര്യം ഒരുക്കിയിരുന്നു. ഇയാൾ എങ്ങനെയാണ് മണ്ണുമാന്തി യന്ത്രത്തിന് അടിയിൽ അകപ്പെട്ടത് എന്നതിനേക്കുറിച്ച് വിവരമില്ല. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടോ എന്നതുൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.