പുതുവർഷം പിറന്നു. ലോകമെങ്ങും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും 2024 നെ വരവേറ്റു. രാജ്യത്തെ വിവിധയിടങ്ങളിളെല്ലാം വ്യത്യസ്തമായ ന്യൂയെർ ആഘോഷങ്ങളാണ് ഉണ്ടായിരുന്നത്. പാട്ടും ഡാന്‍സുമൊക്കെയായി പുതുവർഷം ആഘോഷിക്കുകയാണ് ജനങ്ങള്‍.രാജ്യത്തെ മുഖ്യ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം തന്നെ വലിയ ആഘോഷങ്ങളാണ് നടന്നത്.
ശുഭ പ്രതീക്ഷയുമായി മലയാളികളും 2024 നെ വരവേറ്റു. കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം പുതുവർഷ ആഘോഷങ്ങള്‍ തകർത്തു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനായി നിരവധിയാളുകൾ എത്തി. പുതുവർഷത്തെ വരവേറ്റ് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിച്ചു. അലങ്കാര ദീപങ്ങളും പരിപാടികളുമൊക്കെയായി തിരുവനന്തപുരവും പുതുവര്‍ഷത്തെ വരവേറ്റു. തിരുവനന്തപുരത്ത് മാനവീയം വിഥിയും കനകകുന്നുമാണ് പ്രധാന ആഘോഷ കേന്ദ്രങ്ങൾ. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടന്നു.
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപാണ് ലോകത്ത് ആദ്യമായി പുതുവത്സരത്തെ വരവേറ്റത്. ഇന്ത്യൻ സമയം നാലരയ്ക്കാണ് കിരിബാത്തിയിൽ പുതുവർഷമെത്തിയത്.തൊട്ടുപിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും പുതുവത്സരത്തെ സ്വാഗതം ചെയ്തു.ആറരയോടെ ഓസ്ട്രേലിയയിലും പുതുവർഷമെത്തി. ഒൻപതരയോടെ ചൈനയിലും പുതുവർഷം പിറന്നു . തായ് ലാന്‍ഡിലും പുതുവര്‍ഷമെത്തി.അമേരിക്കൻ ദ്വീപുകളായ ബേക്കർ, ഹൗലാൻഡ് എന്നിവിടങ്ങളിലാണ് ഏറ്റവും അവസാനം പുതുവർഷമാഘോഷിക്കുന്നത്.