കണ്ണൂര്‍: കഴിഞ്ഞമാസം 13ന് അയ്യന്‍കുന്ന് ഞെട്ടിത്തോട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍. കവിത എന്ന ലക്ഷ്മിയാണ് മരിച്ചതെന്നാണ് മാവോയിസ്റ്റുകള്‍ പറയുന്നത്.
കവിത കൊല്ലപ്പെട്ടതിന് പകരംവീട്ടുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ആറംഗ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയില്‍ എത്തിയത്. എന്നാല്‍ കവിതയുടെ മരണവിവരം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ നവംബര്‍ 13ന് ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് ഡിഐജി പുട്ട വിമലാദിത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.