ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം നാലായി. ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് കൂടുതൽ സൈനികരെ വിന്യസിക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം നാലിന് രജൗരി – പൂഞ്ച് ജില്ലകളുടെ അതിർത്തിമേഖലയിലുൾപ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഭീകരന് ഗുരുതരമായി പരിക്കേറ്റതായി സൂചനയുണ്ട്. ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിൾസിന്റെ ആസ്ഥാനത്തുനിന്നും ഭീകരർക്കായുള്ള തെരച്ചിലിൽ പങ്കുചേരാൻ പോയ സൈന്യത്തിനു നേരയാണ് ആക്രമണമുണ്ടായത്.