ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി.രാവിലെ പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പഴുതടച്ച സുരക്ഷാസംവിധാനമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിലുണ്ടായ അക്രമം സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.ഇതോടെയാണ് സംഭവത്തില്‍ പ്രധാനമന്ത്രി കടുത്ത അതൃപ്തി അറിയിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുളളവവും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം രാജ്യത്തെ നടുക്കിയ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കി. പ്രധാനകവാടമായ “മകർ ദ്വാര്‍’ വഴിയുള്ള പ്രവേശനം എംപിമാര്‍ക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. പ്രധാനകവാടത്തിന് സമീപത്തേയ്ക്ക് എത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്കി. നിലവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി പാര്‍ലമെന്റ് വളപ്പില്‍ പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്.പാര്‍ലമെന്റിന് 200 മീറ്റര്‍ അകലെവച്ച് വാഹനങ്ങള്‍ തടഞ്ഞ് പോലീസ് പരിശോധന കര്‍ശനമാക്കി. പാര്‍ലമെന്റ് വളപ്പിലെ സുരക്ഷാജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.