ഇടുക്കി: വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ വച്ച് ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ഇന്ന് വിധി പറയും. രണ്ട് വര്‍ഷത്തിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജഡ്ജി വി. മഞ്ജുവാണ് വിധി പ്രസ്താവം നടത്തുക.
2021 ജൂണ്‍ 30ന് ആണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവമുണ്ടായത്. കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടി ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മരണം കൊലപാതകമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതോടെ പൊലീസ് അന്വേഷണമാരംഭിച്ചു.
വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ പ്രതി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുട്ടിയുടെ മൂന്ന് വയസ് മുതല്‍ പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോകുന്ന തക്കം നോക്കിയാണ് ഇയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നത്.
വണ്ടിപ്പെരിയാര്‍ സിഐ ആയിരുന്ന ടി.ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബര്‍ 21 ന് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.