തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ് വീണ്ടും ജില്ലാ കോടതി വിചാരണ നടത്തും. ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് നിലവിൽ പരിഗണിച്ച ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിന്നു കേസിന്റെ തുടർ വിചാരണാ നടപടികൾ ജില്ലാ കോടതിയിലേക്കു മാറുന്നത്. കേസിൽ കുറ്റപത്രം ജനുവരി 16 ന് വായിക്കും.
തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയായിരുന്നു നരഹത്യാക്കുറ്റം ഒഴിവാക്കിയത്. ഇതിനെതിരേ ഹൈക്കോടിയിൽ റിവിഷൻ ഹർജി നൽകിയത് സർക്കാർ ആയിരുന്നു. ഇത് അംഗീകരിച്ചതിനെ തുടർന്നാണ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കേസിലെ രണ്ടാം പ്രതി വഫക്കെതിരെയുള്ള കുറ്റം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2019 ഓഗസ്റ്റ് മൂന്നിന് അർധരാത്രിയിലാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ മരണമടഞ്ഞത്.