തിരുവനന്തപുരം: അറബിക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയെന്ന് സൂചന.വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് മൂന്ന് ജില്ലകളിലും നാളെ ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് കാസർഗോഡ് ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.എറണാകുളത്ത് നിയന്ത്രിത അവധിയാണ്.
തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് 11.30 വരെ 0.3 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇൻകോയിസ് അറിയിച്ചിട്ടുണ്ട്.