തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 36 കാരന്റെ ഹൃദയം കൊച്ചിയിൽ ചികിത്സയിലുള്ള 16കാരന് വച്ചുപിടിപ്പിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ ഹൃദയം ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കാൻ വഴിതെളിഞ്ഞു.
കായംകുളം സ്വദേശി ഹരിനാരായണനാണ് എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. കാർഡിയോ മയോപ്പതി രോഗിയാണ്. ലിസി ആശുപത്രിയിലാണ് ഹരിനാരായണൻ ചികിത്സയിലുള്ളത്.
ആശുപത്രി അധികൃതർ മന്ത്രി പി രാജീവുമായി ബന്ധപ്പെടുകയായിരുന്നു. ഇക്കാര്യം നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അദ്ദേഹം ഇടപെടുകയായിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കന്യാകുമാരി സ്വദേശി പി സെൽവിൻ ശേഖറിന്റെ ഹൃദയമാണ് ലിസിയിലേക്ക് കൊണ്ടുപോകുക. തലവേദനയുമായി ചികിത്സ തേടിയെത്തിയ സെൽവിന്‍ തലച്ചോറിൽ ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. തുടർന്ന് കുടുംബം അവയവദാനത്തിന് തയ്യാറായി. രാവിലെ ആറിന് ഹൃദയം പുറത്തെടുക്കുന്ന ശസ്ത്രക്രിയ ആരംഭിക്കും. ലിസി ആശുപത്രിയിലെ ഹൃദയ വിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തുക.
ഡോക്ടർമാരുടെ സംഘം വെള്ളി വൈകിട്ട് തിരുവനന്തപുരത്തെത്തിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ ശനി രാവിലെ 8.30ഓടെ എറണാകുളത്ത് എത്തുമെന്നാണ് വിവരം. സെൽവിന്റെ ഒരു വൃക്കയും കരളും കിംസിൽ ചികിത്സയിലുള്ള രോഗികൾക്ക് മാറ്റിവയ്ക്കും. മറ്റൊരു വൃക്കയും പാൻക്രിയാസും ആസ്റ്റർ ആശുപത്രിയിലുള്ള ഒരു രോഗിയിൽ മാറ്റിവയ്ക്കും. കോർണിയകളും ദാനം ചെയ്തിട്ടുണ്ട്. കന്യാകുമാരിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു സെൽവിൻ. ഭാര്യയും നഴ്സാണ്. മൂന്ന് കുട്ടികളുമുണ്ട്.