ശ്രീനഗര്‍ : ജമ്മുവിലെ രജൗറിയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിനവും തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ വധിച്ചയാതും സുരക്ഷാ സേന അറിയിച്ചു. ധര്‍മശാലിലെ ബാജിമാല്‍ കാട്ടില്‍ ഒളിച്ച ഭീകരരെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സൈനികര്‍ക്ക് ജീവന് നഷ്ടമായത്.
9 പാരാ സ്പെഷ്യല്‍ ഫോഴ്സിലെ ക്യാപ്റ്റന്‍ എം വി പ്രഞ്ജാല്‍, ക്യാപ്റ്റന്‍ ശുഭം എന്നിവരും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും ഒരു സൈനികനും ആണ് മരിച്ചത്. പ്രദേശം വളഞ്ഞ സൈന്യം സൈനിക നടപടി തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ഉധംപുരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരരെ കണ്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പൊലീസും കാട്ടില്‍ തിരച്ചില്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.