പത്തനംതിട്ട : സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച കേസില്‍ നാലു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ, ഫെനി എന്നിവരാണ് അറസ്റ്റിലായത്. നാലുപേർക്കെതിരെയും ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
അഭി വിക്രം, ഫെനി എന്നിവരിൽ നിന്നും മൊബൈൽ ഫോണും ലാപ്ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നും 24 കാര്‍ഡുകളുടെ ഫോട്ടോ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. അത് വ്യാജമായി ഉണ്ടാക്കി തെരഞ്ഞെടുപ്പ് ഉപയോഗിച്ചു എന്നാണ് പൊലീസിന്റെ അനുമാനം. ബിനിൽ, വികാസ് എന്നിവരെ പിടികൂടുമ്പോൾ സ്വന്തം കയ്യിലെ ഫോൺ നശിപ്പിച്ചിരുന്നു.
അതുകൊണ്ട് ഇവർക്കെതിരെ തെളിവു നശിപ്പിച്ചതിനുള്ള വകുപ്പുകൾ ചുമത്തും. നിർമ്മിച്ച വ്യാജരേഖകൾ ഇവരുടെ ഫോണിലേക്ക് അയച്ചു കൊടുത്തിരുന്നതായി സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം മറ്റു ചിലരും വ്യാജ ഐഡി കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് സഹകരിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.